Local News

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

G

Author

Gramika Team

Published

July 15, 2026

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വൻതോതിൽ ആസൂത്രിത കോപ്പിയടി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ പരീക്ഷയിൽ കോപ്പിയടിച്ച ഒരു കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിദ്യാർത്ഥികൾ സമാനമായ രീതിയിൽ കോപ്പിയടിച്ചെന്ന സൂചന ലഭിച്ചതും തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും. പരീക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജൂലൈ 3-ന് നടന്ന കെ.ജി.സി.ഇ പരീക്ഷ പൂർണ്ണമായും റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. കണ്ണൂരിലെ മോഡേൺ ഐ.ടി.ഐ എന്ന സ്വകാര്യ കോച്ചിങ് സെന്ററാണ് ഈ ആസൂത്രിത കോപ്പിയടിക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരീക്ഷ എഴുതിയ 23 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇവർ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും കണ്ടെത്തി. നിലവിൽ ഈ സ്ഥാപനത്തിലെ കോഴ്സ് കോർഡിനേറ്ററെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

Share this article