Local News

കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് അടർന്നുവീഴുന്നതിന് അടിയന്തര പരിഹാരം; തുടർനടപടികൾ സ്വീകരിച്ചതായി നഗരസഭാ ചെയർപേഴ്സൺ

N

Author

NEWS DESK

Published

October 12, 2026

  കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് അടർന്നുവീഴുന്നതിന് അടിയന്തര പരിഹാരം; തുടർനടപടികൾ സ്വീകരിച്ചതായി നഗരസഭാ ചെയർപേഴ്സൺ

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ഇളകിവീണ് യാത്രക്കാർ നേരിടുന്ന അപകടഭീഷണിക്ക് അടിയന്തര പരിഹാരം കാണാൻ നടപടി സ്വീകരിച്ചതായി നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത് അറിയിച്ചു. അപകടാവസ്ഥയിലുള്ള ഭാഗങ്ങളിലെ പ്ലാസ്റ്ററിങ് മുഴുവനായി ഇളക്കിമാറ്റി പുതിയത് ചെയ്യുന്നതിനുള്ള പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ ഗ്രാമിക ന്യൂസിനോട് പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും എത്തുന്ന പ്രധാന കേന്ദ്രമായ കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞ ദിവസമാണ് അടർന്നുവീണത്. കെട്ടിടത്തിന്റെ മറ്റ് ചില ഭാഗങ്ങളും സമാനമായ രീതിയിൽ ഇളകിവീഴാറായ അവസ്ഥയിലാണ്. ഇത് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. ബസ് സ്റ്റാൻഡിലെ ഈ ദുരവസ്ഥയെക്കുറിച്ചും യാത്രാക്കാരുടെ ആശങ്കയെക്കുറിച്ചും കഴിഞ്ഞ ദിവസം ഗ്രാമിക ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും ഉടനടി ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ ഉടനടി നടത്താൻ തീരുമാനമായത്. അപകടഭീഷണിയുള്ള മുഴുവൻ ഭാഗങ്ങളും ഇളക്കിമാറ്റി പുതിയ പ്ലാസ്റ്ററിങ് നടത്തുന്നതോടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ വി. ഷിജിത്ത് വ്യക്തമാക്കി.

Share this article