കൂത്തുപറമ്പിൽ ദുരൂഹ സാഹചര്യത്തിൽ പിക്കപ്പ് വാനും ബൈക്കും കത്തിനശിച്ചു; വാഹനം കത്തിച്ചതാണെന്ന് സംശയം
Author
news desk
Published
October 14, 2026

കൂത്തുപറമ്പ്: കൂത്തുപറമ്പ് പൂക്കോട് എ.ഇ.ഒ. റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും ബൈക്കും കത്തിനശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വാഹനം മനഃപൂർവം കത്തിച്ചതാണെന്ന് സംശയിക്കുന്നതായും വാഹന ഉടമകൾ പറഞ്ഞു. പൂക്കോടെ പി. നിഖിലിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനും, കിണവക്കലിലെ സുഹൃത്ത് ഷാരൂണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്. ബുധനാഴ്ച പുലർച്ചെ 1:30-ഓടെയായിരുന്നു സംഭവം. നിഖിലിന്റെ അച്ഛന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ഈ വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. പുലർച്ചെ ഈ വഴി കടന്നുപോയ ബൈക്ക് യാത്രികനാണ് സംഭവസ്ഥലത്ത് അസാധാരണമാംവിധം വെളിച്ചം കണ്ടത്. തുടർന്ന് ഇയാൾ അയൽവാസിയെ വിവരമറിയിച്ചു , ഇരുവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾക്ക് തീപിടിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ഉടൻതന്നെ കൂത്തുപറമ്പ് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്സിന്റെ പ്രവർത്തനഫലമായി പിക്കപ്പ് പൂർണ്ണമായി കത്തുന്നത് തടയാനും, ഇതിന് സമീപം നിർത്തിയിട്ടിരുന്ന ട്രാവലറിലേക്കും തൊട്ടടുത്തുള്ള വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാനും സാധിച്ചുവെങ്കിലും, തീയുടെ ചൂടേറ്റ് തൊട്ടടുത്ത വീടിന്റെ ജനൽ ചില്ലിൽ വിള്ളൽ വീണിട്ടുണ്ട്. പിക്കപ്പിന്റെ മുൻവശവും ബൈക്കും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തെത്തുടർന്ന് കൂത്തുപറമ്പ് പോലീസും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വാഹനങ്ങൾ കത്തിച്ചതാണെന്ന ഉടമകളുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.