Local News

കൂടക്കടവ് പുഴയിലെ പഴയ റെയിൽവേപാലം പൊളിച്ചു മാറ്റിത്തുടങ്ങി

G

Author

Gramika Team

Published

September 24, 2026

കൂടക്കടവ് പുഴയിലെ പഴയ റെയിൽവേപാലം പൊളിച്ചു മാറ്റിത്തുടങ്ങി

ധർമ്മടം: കൂടക്കടവ് പുഴയിലെ പഴയ റെയിൽവേപാലം പൊളിച്ചു മാറ്റിത്തുടങ്ങി 123 വർഷത്തെ ചരിത്രം ഇനി ഓർമ്മയാവും.കാലപഴക്കത്താൽ ബലക്ഷയം ഉണ്ടെന്ന് എഞ്ചിനിയറിംഗ് വിഭാഗം കണ്ടെത്തിയതോടെയാണ് പഴയ പാലം പൊളിച്ച് മാറ്റാൻ നടപടി തുടങ്ങിയത്. പകരം കൂടക്കടവ് പുഴയിൽ പുതിയ റെയിൽപാലം പണിതു ഇതിലൂടെ ട്രെയിനുകൾ ഓടിതുടങ്ങി.അടിയൊഴുക്കുകൾ ഏറെയുള്ള പുഴകളിൽ ബ്രിട്ടീഷ് എഞ്ചിനിയർമാർ വിദഗ്ദ പഠനം നടത്തിയാണ് പാലംനിർമ്മിച്ചത്. കുമ്പള ഷിറിയ, നീലേശ്വരം കാര്യങ്കോട്, ബേക്കൽ, പള്ളിക്കര, പയ്യന്നൂർ ഏഴിമല, ചെറുവത്തൂർ ,പഴയങ്ങാടി, കൂടക്കടവ്, ധർമ്മടം എന്നിവടങ്ങളിലെ പഴയ റെയിൽ പാലങ്ങളെയാണ്  റെയിൽവെ എഞ്ചിനിയറിങ്ങ് വിഭാഗം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി പൊളിച്ച് മാറ്റുന്നത്. ഇവിടങ്ങളിൽ മിക്കയിടത്തും പുതിയ പാലങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. 1901 ന് ശേഷമാണ് കോഴിക്കോട് നിന്നും വടക്കോട്ട് തീവണ്ടികൾ ഓടാൻ തുടങ്ങിയത്. 1902 മേയ് ദിനത്തിലാണ് വടകരയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്രാ - ചരക്ക് തീവണ്ടികൾ എത്തിത്തുടങ്ങിയത്. 1903 മേയ് 20 മുതൽ കണ്ണൂരിലേക്കും 1904 മാർച്ച് മുതൽ വളപട്ടണം അഴീക്കലിലേക്കും തീവണ്ടികൾ ഓടി തുടങ്ങി. 1907 ജൂൺ 3 മുതൽ മംഗലാപുരത്തും തീവണ്ടികൾ എത്തിയെന്നാണ് മലബാറിന്റെ റെയിൽവെ ചരിത്രം. ബ്രിട്ടിഷുകാർ പണിത ഇപ്പോഴും ദൃഡമായിട്ടുള്ള പാലംപൊളിക്കുമ്പോൾ ലഭിക്കുന്ന റെയിൽ ക്ലിപ്പുകൾ മുതൽ നട്ട് ബോൾട്ടുകൾ വരെ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തുരുമ്പിക്കാത്തത്  പൊളിച്ചെടുക്കുന്ന തൊഴിലാളികളെയും അത്ഭുതപ്പെടുത്തുകയാണ്. ഗർഡറുകളും സ്റ്റീൽ സ്ലിപ്പറുകളും ഇതിനകം പൊളിച്ച്മാറ്റിക്കഴിഞ്ഞു. തൃശ്ശിനാപ്പള്ളിയിലെ റിയാസ് ഷെൽ ട്രേഡേഴ്സാണ് പഴയ പാലം പൊളിച്ച് മാറ്റാൻ കരാർ ലേലത്തിനെടുത്തത്.

Share this article