കിരീടപ്പോരിന് ടീമുകൾ സജ്ജം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം
Author
Gramika Team
Published
August 20, 2026

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകുന്നു. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ഗ്രൗണ്ടിലിറങ്ങാൻ എല്ലാ ടീമുകളും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. കിരീടം നേടാനുള്ള ആത്മവിശ്വാസവും മുന്നൊരുക്കങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ മാധ്യമങ്ങളോട് പങ്കുവെച്ചു. പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുടെ പിന്തുണയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും, ഇത്തവണ സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശ്ശൂർ ടൈറ്റൻസ് ക്യാപ്റ്റൻ അഖിൽ എം.എസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ഊർജ്ജം ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻ സീസണുകളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു.