Local News

കാപ്പിത്തടികളിൽ മനോഹരമായ കരകൗശല വസ്തുക്കൾ ഒരുക്കി വിദ്യാർത്ഥികൾ

G

Author

Gramika Team

Published

July 24, 2026

കാപ്പിത്തടികളിൽ മനോഹരമായ കരകൗശല വസ്തുക്കൾ ഒരുക്കി വിദ്യാർത്ഥികൾ

മമ്പറം: കാപ്പിത്തടികളിൽ മനോഹരമായ കരകൗശല വസ്തുക്കൾ ഒരുക്കുകയാണ് കൂത്തുപറമ്പിനടുത്തുള്ള മമ്പറം കീഴത്തൂർ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ. അധ്യാപകർ പകർന്നു നൽകിയ അറിവ് ഉപയോഗപ്പെടുത്തിയാണ് വിദ്യാർത്ഥികൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. പാഴ് വസ്തുക്കളിൽ നിന്ന് അലങ്കാര വസ്തുക്കളിലേക്ക് എന്ന ആശയമുന്നത്തിയാണ് വിദ്യാർത്ഥികളുടെ ഈ കലാവിരുത്. ഈ അധ്യയന വർഷത്തിലാണ് കരകൗശല നിർമ്മാണത്തിന് തുടക്കമിട്ടത്. സ്കൂളിലെ അധ്യാപകർ പഠനയാത്രയുടെ ഭാഗമായി കർണാടക സന്ദർശിച്ചപ്പോഴാണ് അവിടുത്തെ വിദ്യാർത്ഥികൾ കാപ്പിത്തടികൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് നേരിൽ കാണുന്നത്. അതേ മാതൃക സ്വന്തം സ്കൂളിലെ കുട്ടികൾക്കും പരിചയപ്പെടുത്തണമെന്ന ആശയമാണ് ഇങ്ങനെ ഒരു വഴിയൊരുക്കിയത് എന്ന് അധ്യാപകൻ ഇ രാഗേഷ് പറഞ്ഞു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഏകദേശം 35 വിദ്യാർത്ഥികളാണ് നിർമ്മാണത്തിൽ പങ്കെടുക്കുന്നത്. എഴുപതോളം വർഷം പഴക്കമുള്ള കാപ്പിത്തടികൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതെന്ന് അധ്യാപകൻ കെ ഒ സുജിത്ത് പറഞ്ഞു. പൂച്ചട്ടി സ്റ്റാൻഡുകൾ ഉൾപ്പെടെ വീടുകളുടെ അലങ്കാരത്തിനായി ഉപയോഗിക്കാവുന്ന നിരവധി ഉൽപ്പന്നങ്ങളാണ് കുട്ടികളുടെ കൈകളിൽ വിരിയുന്നത്. പുതിയൊരു അനുഭവം ഈ പരിശീലനത്തിലൂടെ ലഭിച്ചതായി വിദ്യാർത്ഥികൾ പറയുന്നു പറഞ്ഞു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൂർണ പിന്തുണയുമായി പ്രധാനാധ്യാപികയും ഒപ്പമുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിച്ച് കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നത്.

Share this article