കാണാതായ പ്രതിശ്രുത വധുവിന്റെ മൃതദേഹം പെരുമ്പ പുഴയിൽ കണ്ടെത്തി.
Author
news desk
Published
October 13, 2026

വിവാഹ നിശ്ചയത്തിന് പിന്നാലെ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടറുമായി ഇറങ്ങിപ്പോയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി. ശ്രുതിയുടെ മൃതദേഹമാണ് പെരുമ്പ പുഴയിൽ നിന്ന് കണ്ടെത്തിയത്. പുഴയിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടക്കുന്നത്. കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന ഒരു കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് ബന്ധുക്കളോടൊപ്പമാണ് ശ്രുതി എത്തിയത്. ഇവർ കൗൺസിലിംഗ് കേന്ദ്രത്തിനുള്ളിൽ സംസാരിച്ചുകൊണ്ടിരിക്കവെ, ശ്രുതി പെട്ടെന്ന് പുറത്തിറങ്ങി തന്റെ സ്കൂട്ടറുമായി ആരോടും ഒന്നും പറയാതെ അവിടെനിന്ന് ഓടിച്ചു പോവുകയായിരുന്നു. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയിൽ യുവതിയുടെ സ്കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.