കണ്ണൂർ വനിതാ ജയിലിൽ വൻ സുരക്ഷാ വീഴ്ച; രണ്ട് തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി
Author
news desk
Published
October 13, 2026

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ വനിതാ ജയിലിനുള്ളിൽ തടവുകാരിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് കേസുകളിൽ റിമാൻഡിലായി ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് പേരിൽ നിന്നാണ് പോലീസ് ലഹരിമരുന്ന് കണ്ടെടുത്തത്. വടകര കൊട്ടകടവ് സ്വദേശി റോഷ്‌നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി.കെ. റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇരുവരും സമാനമായ മയക്കുമരുന്ന് കേസുകളിലെ റിമാൻഡ് പ്രതികളാണ്.കഴിഞ്ഞ ദിവസങ്ങളിൽ വെവ്വേറെ കേസുകളിലാണ് ഇവർ ജയിലിലെത്തിയത്. ന്യൂമാഹിയിൽ നിന്നും എംഡിഎംഎ കേസിൽ റിമാൻഡിലായ ശേഷമാണ് പി.കെ. റുബൈദ കണ്ണൂർ വനിതാ ജയിലിലെത്തിയത്. സമാനമായ മറ്റൊരു കേസിൽ ഇരിട്ടിയിൽ നിന്ന് റിമാൻഡ് ചെയ്യപ്പെട്ടാണ് റോഷ്‌നി സാവിയോ ഇവിടെയെത്തിയത്.റോഷ്‌നി സാവിയോ ജയിലിലെത്തി ആറു ദിവസങ്ങൾക്ക് ശേഷവും, റുബൈദ ജയിലിൽ പ്രവേശിച്ച് രണ്ടു ദിവസങ്ങൾ പിന്നിട്ടതിനു ശേഷവുമാണ് ഇവരിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തത്. വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്മിത പറമ്പന്റെ നേതൃത്വത്തിൽ ജയിലിനുള്ളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതികളുടെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ജയിലിനുള്ളിലേക്ക് കടത്തിക്കൊണ്ടുവന്നതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വനിതാ ജയിലിൽ തടവുകാരിൽ നിന്ന് തന്നെ മയക്കുമരുന്ന് പിടികൂടിയ സംഭവം വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.