കണ്ണൂർ തോട്ടടയിൽ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
Author
news desk
Published
October 14, 2026

തോട്ടട സമാജ്വാദി കോളനിയിൽ പി.എം. രേഷ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ . പഴയങ്ങാടി വേങ്ങര എടച്ചേരി ഹൗസിൽ ഇ. മനോജ് കുമാറിനെയാണ് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് സിജെ ഡെന്നി ശിക്ഷിച്ചത്.പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം.2015 ഏപ്രിൽ 12-ന് രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. തോട്ടട സമാജ്വാദി കോളനിയിലെ വിജയന്റെ മകളാണ് കൊല്ലപ്പെട്ട രേഷ്മ. ആദ്യ ഭർത്താവിന്റെ മരണശേഷമാണ് രേഷ്മ മനോജ് കുമാറുമായി പുനർവിവാഹിതയായത്. തോട്ടട സമാജ്വാദി കോളനിയിലെ രേഷ്മയുടെ വീട്ടിൽവെച്ചാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ കുടുംബ കലഹവും വാക്കുതർക്കവുമുണ്ടായി. തർക്കത്തിനൊടുവിൽ പ്രകോപിതനായ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് രേഷ്മയുടെ തലയ്ക്കടിച്ച് കൊലപ്പെടുതിയെന്നാണ് പ്രോസിക്യുഷൻ കേസ്. എടക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.കോടതി വിധിച്ച പിഴത്തുക കൊല്ലപ്പെട്ട രേഷ്മയുടെ മക്കൾക്ക് നൽകാനാണ് ഉത്തരവ്; ഇതിൽ 1,25,000 രൂപ പെൺകുട്ടിക്കും 75,000 രൂപ ആൺകുട്ടിക്കും ലഭിക്കും.തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ് തോമസ്, തുടർന്ന് സി.ജെ. ഡെന്നി എന്നിവർ മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ ഹാജരായി.