കണ്ണൂര്‍ ജയില്‍ച്ചാട്ടം: ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടലിന് ഒരുവര്‍ഷം, ദുരൂഹത നീങ്ങുന്നില്ല
Author
Gramika Team
Published
July 24, 2026

കണ്ണൂർ: ഗോവിന്ദച്ചാമിയുടെ നിഗൂഢത നിറഞ്ഞ ജയിൽച്ചാട്ടത്തിന് വെള്ളിയാഴ്ച ഒരുവർഷം പൂർത്തിയാകുമ്പോൾ ചാമി ജയിലിൽനിന്ന് പുറത്തിറങ്ങിയതെങ്ങനെയെന്ന ദുരൂഹത തുടരുന്നു. കേസിൽ കുറ്റപത്രവും ഇതുവരെ സമർപ്പിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് നാല് സംഘങ്ങൾ അന്വേഷിച്ചെങ്കിലും ഇരുട്ടിൽ തപ്പുകയാണിപ്പോഴും. 2011 ഫെബ്രുവരി ഒന്നിന് തീവണ്ടിയാത്രയ്ക്കിടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനുസമീപം പെൺകുട്ടിയെ തീവണ്ടിയിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് ഗോവിന്ദച്ചാമി. ജൂലായ് 24-ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാം ബ്ലോക്കിൽനിന്ന് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മൂന്നുകിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്ന് മണിക്കൂറുകൾക്കുശേഷം പിടികൂടി. പിന്നീട് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.