Local News

കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്; അഞ്ച് ആശുപത്രികൾ കരാറിൽ ഒപ്പുവച്ചു

G

Author

Gramika Team

Published

July 15, 2026

കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്; അഞ്ച് ആശുപത്രികൾ കരാറിൽ ഒപ്പുവച്ചു

കണ്ണൂർ: 60 ദിവസമായി തുടരുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്. ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അഞ്ച് സ്വകാര്യ ആശുപത്രികൾ തൊഴിലാളി സംഘടനകളുമായി ധാരണയിലെത്തി കരാറിൽ ഒപ്പുവച്ചു. ഒത്തുതീർപ്പു കരാറിൽ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്പെഷാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികൾ ഒപ്പുവെച്ചു. എന്നാൽ കൊയിലി ആശുപത്രിയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തില്ല. ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം നൂറിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിൽ സേവനകാലയളവ് കണക്കാക്കി ശമ്പളവർധന നടപ്പാക്കണം. ഒന്നു മുതൽ അഞ്ചുവർഷം വരെ 2500 രൂപയും 5-10 വർഷം വരെ 3500ഉം 10-15 വർഷം വരെ 5500ഉം എന്നിങ്ങനെ ഇടക്കാല ആശ്വാസവും നൽകണം. നൂറിൽ കുറവുള്ള ആശുപത്രികൾക്ക് ഇത് യഥാക്രമം 2500, 3500, 5000 എന്നിങ്ങനെയാണ് വ്യവസ്ഥ. മിനിമം വേതനത്തിൽ ലഭിക്കാതെ പോയ തുക അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി നൽകാനും ധാരണയായി.

Share this article