Local News

കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയെ 'ബീക്കൺ ടൗൺ' ആയി പ്രഖ്യാപിച്ചു

G

Author

Gramika Team

Published

October 3, 2026

കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയെ 'ബീക്കൺ ടൗൺ' ആയി പ്രഖ്യാപിച്ചു

കടമ്പൂർ: ശുചിത്വത്തിനൊരു പുതിയ മാതൃക തീർത്ത് കടമ്പൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'പ്രോജക്റ്റ് ബീക്കൺ ടൗൺ' പദ്ധതിയുടെ ഭാഗമായി കാടാച്ചിറ ടൗണിൽ നടന്ന മൂന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കാടാച്ചിറയെ സമ്പൂർണ്ണ 'ബീക്കൺ ടൗൺ' ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബീക്കൺ ടൗൺ പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു നിർവഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോണി ജോസ് സദസ്സിന് സ്വാഗതം ആശംസിച്ചു. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ ഇതുവരെ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, എടക്കാട് ബ്ലോക്ക് ശുചിത്വ മിഷൻ കോർഡിനേറ്റർ അജയകുമാർ, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാടിന്റെ ശുചിത്വത്തിന് കൈകോർത്ത് വൻ ജനപങ്കാളിത്തമാണ് കാടാച്ചിറയിൽ ദൃശ്യമായത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ,'ടീം കാടാച്ചിറ' അംഗങ്ങൾ, സി.ഡി.എസ് ഭാരവാഹികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ,വി.ബി.ജി റാം.ജി തൊഴിലാളികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിലും പ്രഖ്യാപന ചടങ്ങിലും സജീവമായി പങ്കെടുത്തു.തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭയും ചേർന്നു.വരും ദിവസങ്ങളിലും ടൗൺ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Share this article