ഓപ്പറേഷൻ ലോക്ക് ടു ലിവ്
Author
Gramika Team
Published
September 25, 2026

കൂത്തുപറമ്പ്: സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണ് യാത്രക്കാർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻ ലോക്ക് ടു ലിവ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തിവരുന്നത്. ബസ്സുകളിലെ വാതിലുകളുടെ ലോക്കുകളുടെ സുരക്ഷിതത്വം, യാത്രക്കാർ കയറുമ്പോൾ ബസ്സുകൾ മുന്നേറ്റെടുക്കുന്നത്, വാതിലുകൾ കൃത്യമായി അടക്കാതെ ബസ്സുകൾ സർവീസ് നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. കൂത്തുപറമ്പ് ബസ്റ്റാന്റിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ അഞ്ചിലധികം ബസ്സുകൾക്ക് പിഴ ചുമത്തി. വാതിലുകളുടെ ലോക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ബസ് ജീവനക്കാരെ ബോധവൽക്കരിക്കുകയും ചെയ്തു.