Local News

ഓണത്തിന് പൂക്കളമൊരുക്കാൻ കീഴല്ലൂർ നാഗവളവിൽ ചെണ്ടുമല്ലി പൂത്തുലഞ്ഞു

G

Author

Gramika Team

Published

August 20, 2026

ഓണത്തിന് പൂക്കളമൊരുക്കാൻ കീഴല്ലൂർ നാഗവളവിൽ  ചെണ്ടുമല്ലി പൂത്തുലഞ്ഞു

മട്ടന്നൂർ: മട്ടന്നൂർ -കണ്ണൂർ റോഡരികിൽ നാഗവളവിലെ അര ഏക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലിയും ഒപ്പം പച്ചക്കറികളും തയ്യാറായിരിക്കുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടനകളും സാംസ്കാരിക കൂട്ടായ്മയും ചേർന്നാണ് കൃഷി ഒരുക്കിയത്. കീഴല്ലൂർ പഞ്ചായത്തിൻ്റെ മധുര പതിനാറ് കാർഷിക സ്വയം പര്യാപ്ത ഗ്രാമം തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ പദ്ധതിയുടെ ഭാഗമായാണ് നാഗവളിൽ ചെണ്ടുമല്ലി കൃഷിയും പച്ചക്കറി കൃഷിയും ഒരുക്കിയത്. മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, നാഗവളവ് ഇഎംഎസ് കലാ സാംസ്കാരിക കേന്ദ്രം എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് സ്വകാര്യ വ്യക്തിയുടെ 50 സെൻ്റ് സ്ഥലത്ത് കൃഷി ഒരുക്കിയത്. ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ട് മല്ലികളും മധുരപതിനാറിന്റെ ഭാഗമായി വെള്ളരി, മഞ്ഞൾ, വഴുതിനങ്ങ, മുകള്, വെണ്ടക്ക തുടങ്ങി വിവിധ കൃഷിവിളകളുമാണ് കൃഷി ചെയ്തത്. കീഴല്ലൂർ പഞ്ചായത്തിൻ്റെ സബ് സിഡിയോടെ കൃഷി ഭവനിൽ നിന്നു വാങ്ങിയ ചെണ്ടുമല്ലിയുടെ തൈകളാണ് നട്ടുവളർത്തിയത്. ആദ്യഘട്ടത്തിൽ തന്നെ മൊട്ടിട്ട് പൂവ് വന്നത് മുതൽ ഇപ്പോൾ വരെ കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായം ലഭിക്കുന്നുണ്ടെന്ന് വാർഡ് കൗൺസിലർ ടി രുദീഷ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരെത്തി പരിപാലിക്കുന്നത് മികച്ച വിളവാണ് സമ്മാനിച്ചതെന്ന് പൂത്തുലഞ്ഞു നിൽക്കുന്ന ഈ കാഴ്ച കാണുമ്പോൾ മനസിലാകും. ഓണത്തിന് വിളവെടുത്ത് കഴിഞ്ഞാലും തുടർന്നും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി തുടരുന്നതിനെ കുറിച്ചാണ് ബന്ധപ്പെട്ടവരുടെ ആലോചന. കഴിഞ്ഞ ജൂണിൽ ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി. ചന്ദ്രബാബുവാണ് ചെണ്ടുമല്ലിയുടെ നടീൽ ഉദ്ഘാടനം ചെയ്തത്. രണ്ടു മാസത്തിനുള്ളിൽ പൂവുകൾ വിളവെടുപ്പിന് പാകമായി. പഞ്ചായത്തിലെ 16 വാർഡുകളിലും വ്യത്യസ്ത കൃഷിയിറക്കിയാണ് പഞ്ചായത്ത് മാതൃകയാവുന്നത്. കാടുപിടിച്ചു കിടക്കുന്നതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മധുര പതിനാറെന്ന പദ്ധതി നടപ്പിലാക്കിയത്.

Share this article