Local News

ഒമ്പത് വർഷം മുൻപുള്ള കൊലപാതകം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

G

Author

Gramika Team

Published

August 22, 2026

ഒമ്പത് വർഷം മുൻപുള്ള കൊലപാതകം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂർ: ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനിൽ നടന്ന കൊലപാതകക്കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൽ അസീസെന്ന അബ്ദുള്ളയെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രതേക അന്വേഷണ സംഘം മലപ്പുറം മുന്നിയൂരിൽ നിന്ന് പിടികൂടിയത്. 2017 ജനുവരി 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ നടത്തിയിരുന്ന സുനിയെ തുണിയിൽ പൊതിഞ്ഞ തേങ്ങ ഉപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് ചവിട്ടുകയും ചെയ്തതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് അബ്ദുൽ അസീസ്. കേസിലെ കൂട്ട് പ്രതി നിലവിൽ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. കേസിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒളിവിൽ കഴിയുന്നതിനിടെ മംഗളൂരുവിലെ ദേർലക്കട്ടയിലും കാസർഗോഡ് ജില്ലയിലെ ബന്തടുക്കയിലും അഷ്റഫ്, അസീസ് എന്നീ പേരുകൾ ഉപയോഗിച്ച് താമസിച്ചിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം തുടർച്ചയായ നിരീക്ഷണത്തിന്റെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് സംഘം 22 ന്പുലർച്ചെ മലപ്പുറം മുന്നിയൂരിൽ വെച്ച് അബ്ദുൽ അസീസ് എന്നഅബ്ദുള്ളയെ പിടികൂടുകയായിരുന്നു.

Share this article