എൺപതാം സ്വാതന്ത്ര്യ ദിനം കണ്ണൂരിൽ സംഘ ടിപ്പിച്ചു
Author
Gramika Team
Published
August 15, 2026

കണ്ണൂർ: കലക്ടറേറ്റ് മൈതാനിയിൽ വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യമന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്തു. പോലീസ്, എക്സൈസ് ,ഫോറസ്റ്റ്, എൻ.സി.സി. സ്കൗട്ട് ആൻഡ് ഗൈഡ്സ് , സ്റ്റുഡന്റ് പോലീസ്, റെഡ് ക്രോസ് തുടങ്ങിയവരും പരേഡിൽ അണിനിരന്നു. ലോക ചരിത്രത്തിൻറെ താളുകളിൽ നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻറെ ചരിത്രം സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണെന്ന് പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിൽ മന്ത്രി അഡ്വക്കേറ്റ് സണ്ണി ജോസഫ് പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി നിരവധി ആളുകൾ നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചു. അവരുടെയെല്ലാം ത്യാഗത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. വിഘടന വാദവും വർഗീയ വാദവും ഉയർന്നുവരുന്ന ഈ കാലത്ത് അതിനെതിരെ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴിൽ ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യദിന ചിന്തകളിലൂടെ നമുക്ക് ശക്തിലഭിക്കും എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടുവന്ന് ശാസ്ത്ര സാങ്കേതിക മേഖലകളിലും വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും നമുക്ക് വമ്പിച്ച മുന്നേറ്റം കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ പി ഇന്ദിര എംഎൽഎമാരായ ടി ഒ മോഹനൻ കെ വി സുമേഷ് മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ജില്ലാ കലക്ടർ പി വിഷ്ണുരാജ് സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയഭാരത റെഡ്ഡി റൂറൽ പോലീസ് മേധാവി ഉമേഷ് ഗോയൽ എന്നിവർ സംബന്ധിച്ചു.