എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക് സർക്കാർ ജോലി
Author
Gramika Team
Published
August 13, 2026

തിരുവനന്തപുരം: കണ്ണൂര് എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനും ഒപ്പമുണ്ടായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകിയത്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുവദിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യവും അർഹതയും പരിഗണിച്ചാണ് മന്ത്രിസഭാ യോഗം നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമെടുത്തത്. കണ്ണൂർ എ.ഡി.എമ്മായിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ വേർപാട് കേരള മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു. സർവീസിൽ നിന്ന് സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന് നൽകിയ യാത്രാഅയപ്പ് യോഗത്തിൽ അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പങ്കെടുത്ത് പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ഒക്ടോബർ 14-ന് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയ ജില്ല പഞ്ചായത്ത് അധ്യക്ഷയുടെ വാക്കുകൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കം ചാർത്തുന്നതായിരുന്നു. വിവാദമായ യാത്രയയപ്പിന് ശേഷം കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് അദ്ദേഹം കളക്ടറേറ്റ് വിട്ടിറങ്ങിയത്. അന്നേദിവസം രാത്രി നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് അദ്ദേഹം ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. തുടർന്ന് ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ഈ ദാരുണ സംഭവത്തിന്മേൽ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനം യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് സർക്കാർ ഈ ഉത്തരവ് നടപ്പിലാക്കിയത്.