Local News

അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

G

Author

Gramika Team

Published

August 10, 2026

അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആ‍യങ്കി റിമാൻഡിൽ. കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെ പിടികൂടിയ അർജുനെ കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ജാമ്യാപേക്ഷ നൽകിയില്ല. പിന്നാലെ അർജുനെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘവും കണ്ണൂരിയിലെത്തിയിട്ടുണ്ട്. പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു. പിന്നാലെ പൊലീസ് അപ്പാർട്ട്മെന്‍റിലെത്തി പുലർച്ചെ രണ്ടരയോടെ അർജുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് ഓടിച്ചിട്ട് പിടികൂടി. അർജുൻ ആയങ്കിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കോതമംഗലം ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹൈകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്.

Share this article