അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു
Author
Gramika Team
Published
August 21, 2026

അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15ന് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള മേഖലയിലാണ് വിമാനം തകർന്നുവീണത്. എൻടിഎസ്ബി, അലാസ്ക സ്റ്റേപ്പ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.