അഭിമാന നേട്ടവുമായി മലയാളി ഗവേഷകൻ
Author
Gramika Team
Published
July 24, 2026

തലശേരി: ക്യാൻസർ, മനുഷ്യ കരൾ, ജീവശാസ്ത്രം എന്നിവയിലെ പ്രോട്ടീൻ ഇടപെടലുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് തലശേരി പുല്ലമ്പിൽ റോഡ് റിഥത്തിൽ അതുൽ പി കുര്യന് 31,25,000 പോളിഷ് സ്‌ളോട്ടി ധനസഹായം. പോളിഷ് നാഷനൽ ഏജൻസി ഫോർ അക്കാഡമി എക്‌സ്‌ചേഞ്ച് എൻഎഡബ്ല്യുഎ പ്രോഗ്രാമിലാണ് ഗവേഷണത്തിന് ഫണ്ട് അനുവദിച്ചത്. യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെയുള്ള എൻഎഡബ്ല്യുഎ പ്രോഗ്രാമിൽ യുഎസ്എ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലാണ് ഗവേഷണം. ബയോ മെഡിക്കൽ പഠന രംഗത്ത് നിർണായക സംഭാവന നൽകാൻ ഗവേഷണത്തിലൂടെ അതുൽ പികുര്യന് സാധിക്കും. പോളണ്ടിലെ ലുബ്ലിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസിലെ പിഎച്ച്ഡി സ്കോളറാണ് നിലവിൽ. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ സയൻസസിൽ മറ്റൊരു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ക്യാൻസർ ഗവേഷണ രംഗത്ത് അതുൽ പി കുര്യന് ലഭിച്ച സ്‌കോളർഷിപ്പ് നേട്ടത്തിന്റെ അഭിമാനത്തിലാണ് തലശേരിയും. കോഫി ബോർഡിലെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. പി കുര്യൻ റാഫേലിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുൻ അസോസിയേറ്റ് പ്രൊഫസർ പരേതയായ ഡോ. കെ. സുരേഖയുടെയും മകനാണ്.