അഭിഭാഷകയെ കയ്യേറ്റം ചെയ്യ്ത കേസ്: പ്രതിയുടെ മുൻകൂർ ജാമ്യഹരജി കോടതിതള്ളി
Author
Gramika Team
Published
August 12, 2026

തലശ്ശേരി: കുടുംബ കോടതിയുടെ വരാന്തയിൽ വെച്ച് അഭിഭാഷകയെ കയ്യേറ്റം ചെയ്യുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു എന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി ജില്ലാ സെഷൻസ് ജഡ്ജ് എം.മനോജ് തള്ളി. പാനൂർ തൃപ്പങ്ങോട്ടൂരിലെ കാര്യത്ത് കെ.പി.ദിവാകരൻ നൽകിയ ജാമ്യ ഹരജിയാണ് ജില്ലാ കോടതി തള്ളിയത്. ജില്ലാ കോടതി ബാറിലെ അഭിഭാഷകയായ ടി.വി. സോണിയാണ് പരാതിക്കാരി. കുടുംബ കോടതിയിൽ പ്രതിയുടെ ഭാര്യയുമായുള്ള കേസിൽ ഹാജരായശേഷം കോടതിഹാളിന് പുറത്ത് എത്തിയ അഭിഭാഷകയെ കയ്യേറ്റം ചെയ്തു എന്നാണ് പോലീസ് കേസ്. മെയ് മാസം 19 ന് ഉച്ചയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പ്രതി പോലീസിൽ കീഴടങ്ങാതെ ഒളിവിൽ കഴിയുകയായിരുന്നു. കേസ് സംബന്ധിച്ച് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നേരത്തെ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകരുതെന്നും കേസ് സംബന്ധിച്ചുള്ള സി സി ടി വി ദൃശ്യങ്ങളും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു.