അപായമുനമ്പിൽ നിന്ന് മനോഹരക്കാഴ്ചയിലേക്ക്: പതിനാലാം മൈലിലെ ഡിവൈഡറിന് ഇനി പുത്തൻ അഴക്
Author
news desk
Published
October 22, 2026

തലശ്ശേരി - ബാവലി അന്തർസംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ ഇനി മാനന്തേരി പതിനാലാം മൈലെത്തുമ്പോൾ ഒന്നുടക്കും; കാരണം, അപകടങ്ങൾ പതിയിരുന്ന ആ വഴിത്തിരിവ് ഇപ്പോൾ വർണ്ണപ്പൂക്കളുടെ അഴകിൽ പുഞ്ചിരിക്കുകയാണ്. നിരന്തരം അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചിരുന്ന പതിനാലാം മൈലിലെ വളവാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ മനോഹരമായ കാഴ്ചയായി മാറിയിരിക്കുന്നത്. തകർന്നു കിടന്ന ഡിവൈഡർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പെയിന്റടിച്ച് വൃത്തിയാക്കിയ ശേഷമാണ്, അതിനു മുകളിൽ ചട്ടികളിലായി പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്. പതിനാലാം മൈൽ ഗ്രാന്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ മാതൃകാപരമായ സൗന്ദര്യവൽക്കരണം നടന്നത്.ഡിസംബർ 26 വരെ നീണ്ടുനിൽക്കുന്ന ഗ്രാന്മ ഗ്രാമോത്സവം 2026 ന്റെ ആദ്യ പരിപാടിയായാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും, അപകടമേഖല എന്ന പേരുദോഷം മാറ്റി പ്രദേശത്തിന് പുത്തൻ മുഖച്ഛായ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ക്ലബ്ബ് ഭാരവാഹി ബാബു ഇളഞ്ചേരി പറഞ്ഞു. വരും ദിവസങ്ങളിൽ പ്രദേശത്തെ കൂടുതൽ മനോഹരമാക്കാനുള്ള തുടർപ്രവർത്തനങ്ങളും, ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള വിവിധ സാംസ്കാരിക-കായിക പരിപാടികളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് പ്രവർത്തകർ.