Local News

അന്നനാളത്തിലെ ചോർച്ച ശസ്ത്രക്രിയയില്ലാതെ അടച്ചു; വടകര സ്വദേശിക്ക് അപൂർവ ചികിത്സയിലൂടെ പുതുജീവൻ

N

Author

NEWS DESK

Published

October 12, 2026

അന്നനാളത്തിലെ ചോർച്ച ശസ്ത്രക്രിയയില്ലാതെ അടച്ചു; വടകര സ്വദേശിക്ക് അപൂർവ ചികിത്സയിലൂടെ പുതുജീവൻ

കണ്ണൂർ: അന്നനാളത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഗുരുതരമായ ചോർച്ച വീണ്ടുമൊരു ശസ്ത്രക്രിയ കൂടാതെ 'എൻഡോസ്കോപ്പിക് വാക്വം തെറാപ്പി'യിലൂടെ അടച്ച് വടകര ഇരിങ്ങൽ സ്വദേശിയായ രോഗിക്ക് പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ്. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മലബാറിൽ ആദ്യമായി ഈ സങ്കീർണ്ണ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. അന്നനാളത്തിലെ അർബുദത്തെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ചോർച്ച രൂപപ്പെട്ടത്. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ചോർച്ച ആവർത്തിച്ചതോടെ രോഗിയുടെ ആരോഗ്യനില വഷളാവുകയും കണ്ണൂർ ആസ്റ്റർ മിംസിലേക്ക് മാറ്റുകയുമായിരുന്നു. വലിയൊരു ശസ്ത്രക്രിയ ഒഴിവാക്കി എൻഡോസ്കോപ്പിന്റെ സഹായത്തോടെ ചോർച്ചയുള്ള ഭാഗത്ത് പ്രത്യേക വാക്വം സ്പോഞ്ച് സ്ഥാപിച്ചാണ് ചികിത്സ നടത്തിയത്. നിയന്ത്രിത വാക്വം സംവിധാനത്തിലൂടെ സ്രവങ്ങൾ നീക്കം ചെയ്യുകയും, മുറിവ് ഉണങ്ങി പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്തതോടെ ചോർച്ച പൂർണ്ണമായി അടഞ്ഞു. ഡോ. ജസീം അൻസാരിയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പിക് ചികിത്സ പൂർത്തിയാക്കിയത്. ചികിത്സ വിജയകരമായതോടെ സാധാരണ രീതിയിൽ വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ച രോഗി നിലവിൽ പൂർണ്ണ സുഖം പ്രാപിച്ചു. അഡ്വാൻസ്ഡ് എൻഡോസ്കോപ്പിയിലെ നൂതന ചികിത്സാ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരമൊരു അപൂർവ്വ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. സാബു കെ.ജി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ എന്നിവർ അറിയിച്ചു.

Share this article