അധ്യാപികമാർക്ക് പിന്നാലെ ലഹരിവസ്തുക്കളുമായി ഡോക്ടർമാരും എക്സൈസിന്റെ പിടിയിൽ
Author
Gramika Team
Published
October 1, 2026

മട്ടന്നൂർ: അധ്യാപികമാർക്ക് പിന്നാലെ ലഹരിവസ്തുക്കളുമായി മട്ടന്നൂരിൽ യുവ ഡോക്ടർമാരും എക്സൈസിന്റെ പിടിയിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി സിദ്ധാർത്ഥ്, മലപ്പുറം പുതുപൊന്നാനി സ്വദേശി ഇർഷാദ് എന്നിവരെയാണ് പിടി കൂടിയത്. ഇവരിൽ നിന്നും ഇവരുടെ വാഹനത്തിൽ നിന്നുമായി എംഡിഎംഎ യും കഞ്ചാവും എക്‌സൈസ് സർക്കിൾ സംഘം പിടികൂടി. എംഡിഎംഎ കേസിൽ അധ്യാപികമാർ പിടിയിലായതും തുടർന്നുള്ള സംഭവ വികാസങ്ങളും കേരളം ഏറെ ചർച്ച ചെയ്യുന്നതിനിടെയാണ് മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എംഡിഎംഎ യും കഞ്ചാവുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ച ആഡംബര വാഹനവും ഇരിട്ടി എക്സൈസ് സർക്കിൾ സംഘം പിടികൂടിയിട്ടുണ്ട്. എക്സെസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനിഷ് എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. മട്ടന്നൂരിലെ സ്കൈ പാലസ് ഹോട്ടലിൽ താമസിക്കുന്നതായും ഇവരിൽ ലഹരി വസ്തുക്കൾ ഉള്ളതായുമായായിരുന്നു വിവരം. ഇതിന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റൂമിലും,ആഡംബര ജീപ്പായ താർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എം ഡി എം എ, 0.746 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോക്ടർ എച്ച് എ ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ ഡോക്ടർ സി പി സിദ്ധാർത്ഥ് എന്നിവരെ അറസ്റ്റ് ചെയ്തത്.ഇർഷാദ് ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിയും, സിദ്ധാർഥ് കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലെ യുവ ഡോക്ടറുമാണ്.ഇവരെ ചോദ്യം ചെയ്തതിൽ നിന്നും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിട്ടുണ്ട്. സർക്കിൾ ഇൻസ്‌പെക്ടർ സി രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി അബ്‌ദുൾ ബഷീർ , കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സി ഹണി , സിവിൽ എക്സൈസ് ഓഫീസർമാരായ പി വി അഭിജിത് , സി വി റിജുൻ, കെ കെ രാഗിൽ എന്നിവരുമുണ്ടായിരുന്നു.