അംഗൻവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതി:ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗൻവാടി സന്ദർശിച്ചു
Author
Gramika Team
Published
August 13, 2026

കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായ പാർക്കിന് സമീപത്തെ അംഗൻവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗൻവാടി സന്ദർശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. നിലവിൽ പരാതിക്കിടയാക്കിയ സ്ഥാപനം പ്രവർത്തിക്കുന്നില്ലാത്തതിനാൽ അംഗൻവാടിയിൽ പൊടിശല്യം അനുഭവപ്പെടുന്നില്ലെന്ന് ജീവനക്കാർ കമ്മീഷനെ അറിയിച്ചു. എന്നാൽ മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അംഗൻവാടി സന്ദർശിച്ചത്. എന്നാൽ, സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളൂവെന്ന് കെ.വി. മനോജ് കുമാർ പറഞ്ഞു. മുൻപ് സമീപത്തെ സ്ഥാപനത്തിൽനിന്നുള്ള പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് അംഗൻവാടി ജീവനക്കാരും പ്രദേശവാസികളും ചേർന്ന് പരാതി നൽകിയിരുന്നു. എന്നാൽ നിലവിൽ സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പൊടിശല്യം ഇല്ലെന്ന് അംഗൻവാടി അധ്യാപിക ഷീജ പറഞ്ഞു. ഒരു വർഷം മുൻപാണ് അംഗൻവാടി കുട്ടികൾക്കും സമീപവാസികൾക്കും പൊടിശല്യം രൂക്ഷമാകുന്നതായി ആരോപിച്ച് പ്രദേശവാസികളും അംഗൻവാടി ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് സമീപത്തെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. കമ്മീഷൻ അംഗം ബി. മോഹൻ കുമാർ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശ്രീജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. വസന്ത തുടങ്ങിയവരും അംഗൻവാടി സന്ദർശനത്തിൽ പങ്കെടുത്തു.