20കാരിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
Author
Gramika Team
Published
August 7, 2026

കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവിൽ 20-കാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ കേസിൽ ഭർത്താവ് ആസിഫിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ആസിഫ് നിലവിൽ ദുബായിലാണെന്നാണ് പോലീസിന്റെ നിഗമനം. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീട് ആസിഫിനെതിരെ ആത്മഹത്യാ പ്രേരണയും ഭർതൃപീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ജൂലൈ 28-നാണ് റിസ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നുവെന്നാണ് റിസയുടെ ബന്ധുക്കളുടെ ആരോപണം. റിസ സുഹൃത്തുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഭർത്താവിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് റിസ ഇവയിൽ വിശദീകരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവസമയത്ത് ദുബായിലായിരുന്ന ആസിഫ് റിസയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയെങ്കിലും, പിന്നീട് വീണ്ടും ദുബായിലേക്ക് മടങ്ങിയെന്നാണ് പോലീസ് പറയുന്നത്. തെളിവുകൾ പുറത്തുവന്നതിന് ശേഷമാണ് ഇയാൾ രാജ്യം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആസിഫിനെ എത്രയും വേഗം നാട്ടിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കാൻ ശ്രമം തുടരുകയാണെന്ന് വളപട്ടണം പോലീസ് അറിയിച്ചു.