G
Author
Gramika Team
Published
June 29, 2026

സൗദിയിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ദമാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തലശ്ശേരി മണോലിൽ വീട്ടിൽ സജീം ഖാലിദ് (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മൺ (42) എന്നിവരാണ് മരിച്ചത്. ദമാമിനു സമീപം ദഹ്റാൻ-ജുബൈൽ റോഡിൽ ഖത്തീഫ് സെൻട്രൽ ആശുപത്രിയുടേയും ഹാലിബട്ടൺ കമ്പനിയുടേയും സമീപം ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. റാസ്തന്നൂറയിൽ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സജീമും ശ്രീലേഷും സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് സമീപത്തെ കിടങ്ങിലേക്ക് പതിച്ചു. പൂര്‍ണമായും തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. സജീം അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഖത്വീഫ് പൊലീസിൽ നിന്നാണ് അപകടവിവരം സുഹൃത്തുക്കൾ അറിയുന്നത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സജീമിന്റെ മൃതദേഹം ദമാമില്‍ ഖബറടക്കും. ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചു.