G
Author
Gramika Team
Published
May 27, 2026

സതീശൻ ഡൽഹിയിലെത്തി മോദിയെ കണ്ടു, പിറ്റേന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്; ആസൂത്രിതനീക്കം- പി. ജയരാജൻ
കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റെയ്ഡ് നടക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി സിപിഎം മുതിർന്ന നേതാവ് പി.ജയരാജൻ. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണ് റെയ്ഡ് എന്നുപറഞ്ഞ ജയരാജൻ ഇഡി നീക്കത്തെ അപലപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. 'രാഹുൽ ഗാന്ധി കേരളത്തിൽ തിരഞ്ഞെടുപ്പിന് വന്നപ്പോൾ, എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു പരസ്യമായി ചോദിച്ചത്. ബംഗാളിലും തൃപുരയിലും സിപിഎമ്മിനെ തകർക്കാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ തുടർച്ചയായി, സാംസ്‌കാരിക മാർക്‌സിസത്തെ ഉന്മൂലനം ചെയ്യണമെന്ന് നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.