G
Author
Gramika Team
Published
July 9, 2026

സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകി. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും. ക്രൈംബ്രാഞ്ച് തെക്കൻ മധ്യ മേഖലയുടെ ചുമതല ഐജി ശ്യാം സുന്ദറിന് നൽകാനും തീരുമാനമായിട്ടുണ്ട്. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മാറ്റം.