G
Author
Gramika Team
Published
April 23, 2026

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. പ്രത്യേകിച്ച് ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.