G
Author
Gramika Team
Published
June 6, 2026

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി രണ്ടാമതും തള്ളി
തലശ്ശേരി: ഷുഹൈബ് വധക്കേസിലെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി രണ്ടാമതും തള്ളി. അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി സി.ജെ.ഡെന്നിയാണ് ഹർജി തള്ളിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹർജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും തള്ളി. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. മേയ് 18 മുതൽ തുടർച്ചയായി ഷുൈഹബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിന് തയാറായില്ല. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽ നിന്നും അഭിഭാഷകർ വിട്ടുനിന്നത്. കേസ് അനന്തമായി നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു.