G

Author

Gramika Team

Published

April 27, 2026

വേണമെങ്കിൽ  ഈന്തപ്പന കിണവക്കലും കായ്ക്കും

വേണമെങ്കിൽ ഈന്തപ്പന കിണവക്കലും കായ്ക്കും

കൂത്തുപറമ്പ്: കൊടുംചൂടിൽ നാടും നഗരവും പൊറുതിമുട്ടുകയാണ്. ചൂട് തുണച്ചപ്പോൾ കിണവക്കൽ ജുമാ മസ്ജിതിന്റെ മുറ്റത്തെ ഈന്തപ്പനയിൽ നിറയെ ഈന്തപ്പഴം കായ്ച്ചു. മണലാരണ്യത്തിന്റെ സ്വന്തമായിരുന്ന ഈന്തപ്പഴം കായ്ച്ച് നിൽക്കുന്ന കാഴ്ച ഏവരുടേയും കണ്ണിനും മനസ്സിനും കുളിരേകുന്നതാണ്. പള്ളി നവീകരണം നടത്തുന്ന വേളയിൽ 3 വർഷം മുമ്പാണ് പള്ളിമുറ്റത്ത് രണ്ട് ഈന്തപ്പന തൈകൾ നട്ടുപിടിപ്പിച്ചത്. രാജസ്ഥാനിൽ നിന്നാണ് തൈകൾ എത്തിച്ചത്. ഈന്തപ്പഴം കായ്ച്ചു കഴിഞ്ഞാൽ ആറ് മാസത്തോളം എടുക്കും പൂർണ്ണമായി പാകമാവാൻ. ഗൾഫ് നാടുകളിൽ കഠിനമായ ചൂടുള്ള ആഗസ്ത് മാസത്തിലാണ് ഈന്തപ്പഴം കായ്ക്കുന്നത്. എന്നാൽ ഇവിടെ ആ സമയത്ത് ശക്തമായ മഴയായിരിക്കും അത് കൊണ്ട് തന്നെ ഇവ പൂർണ്ണതോതിൽ പഴുത്ത് പാകമാവുമോ എന്ന ആശങ്കയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ. പള്ളിയിൽ നിസ്കാരത്തിനായി എത്തുന്ന വർക്ക് കത്തുന്ന വെയിലിൽ ഒരു ആശ്വാസമായി ഈന്തപ്പനകൾ തണലേകുകയും ചെയ്യുന്നുണ്ടെന്നും പള്ളി കമ്മിറ്റി രക്ഷാധികാരി യു.വി മൂസ ഹാജി പറഞ്ഞു. ഈന്തപ്പഴം കായ്ച്ച് നിൽക്കുന്നത് കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.

Share Article