G
Author
Gramika Team
Published
April 18, 2026

വാൽപ്പാറ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്ത്
മലപ്പുറം: മലപ്പുറത്തുനിന്ന് വാൽപ്പാറയിലേക്ക് വിനോദസഞ്ചാരത്തിന് പോയവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ പുറത്ത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും പാചക തൊഴിലാളിയും പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപികയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക കൊളത്തൂർ പാലൂർ സ്വദേശിനി അജിത (54), അധ്യാപകരായ പാങ്ങ് താണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കൊളത്തൂർ സ്വദേശി ആശ (41), പാങ്ങ് മില്ലുംപടി സ്വദേശി മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പള്ളിപ്പറമ്പ് സ്വദേശിയും സ്കൂളിലെ പാചകതൊഴിലാളിയുമായ സാജിത (45), മരിച്ച സുഹറയുടെ മകൻ ഹിഷാം (12), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക ഷക്കീല (37) എന്നിവരാണ് മരിച്ചത്. നാലുപേർ പരിക്കേറ്റ് ചികിത്സയിലാണ്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39), ട്രാവലർ വാൻ ഡ്രൈവർ ഇന്ത്യനൂർ ചൂനൂർ സ്വദേശി മുഹമ്മദ് ഫായിസ് (21), പാചകതൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മസ്നീൻ (10) പൊള്ളാച്ചിയിലെ ആശുപത്രിയിലെ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് അധ്യാപക സംഘം വാല്‍പ്പാറയിലേക്ക് തിരിച്ചത്. ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ വഴിയാണ് വാല്‍പ്പാറയിലെത്തിയത്. വാല്‍പ്പാറയിലെ കാഴ്ചകള്‍ കണ്ടശേഷം മടങ്ങി വരുമ്പോള്‍ വൈകീട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത്. 13ാം വളവില്‍വെച്ച് നിയന്ത്രണം വീട്ട വാഹനം താഴ്ചയിലെക്ക് മറിഞ്ഞ് ഒമ്പതാം വളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു. 600 അടി താഴ്ചയിലേക്ക് വീണ വാഹനം പൂര്‍ണമായി തകര്‍ന്നു.