G
Author
Gramika Team
Published
February 24, 2026

വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി
കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. 178 വീടുകളുടെ താക്കോൽ ദാനമാണ് മാർച്ച് ഒന്നിന് നടക്കുക. ആകെ 410 വീടുകളാണ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരുന്നത് അതിൽ 178 എണ്ണമാണ് പൂർണമായും നിർമ്മാണം പൂർത്തിയാക്കി ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്ക് സർക്കാർ ഒന്നാംഘട്ടമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. വീടുകൾക്ക് പുറമെ പബ്ലിക്ക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളി സ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന താൽക്കാലിക ഓപ്പൺ ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏഴു സെന്റിൽ ആയിരം ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിച്ചു നൽക്കുന്നത്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സെസൈറ്റിയാണ് ടൗൺഷിപ്പിന്റെ നിർമ്മാണം നടത്തുന്നത്. ഒറ്റ നില വീടുകളിൽ മാസ്റ്റർ ബെഡ്റൂം, രണ്ട് റൂമുകൾ, അടുക്കള, പഠനമുറി, ലിവിങ് റൂം ഡെനിങ് റൂം എന്നീ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.