G

Author

Gramika Team

Published

June 9, 2026

വയനാട്ടിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചൂ

വയനാട്ടിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചൂ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രത ശക്തമാക്കി. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കും സമീപ സ്കൂളുകൾക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂളുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലെയും കിണറുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി 60 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമാന ലക്ഷണങ്ങളോടെ സ്കൂളിലെ 339 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

Share Article