G
Author
Gramika Team
Published
June 12, 2026

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു
കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുട്ടികളിൽനിന്ന് മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം.