G
Author
Gramika Team
Published
July 2, 2026

ലോഡ്ജിൽ പ്രസവിച്ച യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം; കുഞ്ഞ് മരിച്ചത് പരിചരണം കിട്ടാതെ
തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവിച്ച എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി(32) മരിച്ചത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമികനിഗമനം. ബുധനാഴ്ച മെഡിക്കൽകോളേജിൽ മൃതദേഹപരിശോധന നടന്നു. ജ്യോതിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായും പറയുന്നു. ജ്യോതിയെയും നവജാതശിശുവിനെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്വകാര്യലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രസവശേഷം പരിചരണം ലഭിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോലീസ് കരുതുന്നു. ജൂൺ 27-നാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പലതവണ വിളിച്ചിട്ടും ജ്യോതി ഫോൺ എടുക്കാത്തതിൽ സംശയംതോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പോലീസിനെയും അഗ്‌നി രക്ഷാ സേനയെയും വിവരമറിയിക്കുകയും ഇവരെത്തി വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നു. അപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറെ വിട്ടു.