G
Author
Gramika Team
Published
June 29, 2026

ലോകകപ്പിൽ ബോക്സിന് പുറത്തുനിന്ന് ഏറ്റവുംകൂടുതൽ ഗോൾ; റിവലിനോയുടെ റെക്കോഡ് തകർത്ത് മെസ്സി
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിക്ക് മറ്റൊരു റെക്കോഡ് കൂടി. ലോകകപ്പിൽ ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തം പേരിലെഴുതിയത്. ബ്രസീൽ മുൻ താരം റോബർട്ടോ റിവലിനോയുടെ പേരിൽ ദീർഘകാലം നിലനിന്ന റെക്കോഡാണ് മെസ്സി പഴങ്കഥയാക്കിയത്. ലോകകപ്പിൽ പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് ആറുഗോളാണ് മെസ്സി നേടിയത്. ഗ്രൂപ്പ് ജെ-യിൽ ഞായറാഴ്ച ജോർദാനെതിരായ മത്സരത്തിൽ നേടിയ ഫ്രീകിക്ക് ഗോളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. അഞ്ച് ഗോളുകൾ നേടിയ റിവലിനോ ആയിരുന്നു ഈ നേട്ടം ഇതുവരെ കൈയടക്കിവെച്ചിരുന്നത്. ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും ഈ ഗോൾനേട്ടം വഴി മെസ്സി സാധ്യമാക്കിയിരുന്നു.