G

Author

Gramika Team

Published

May 26, 2026

മാസപ്പടി കേസ്: കേരള ഹൈക്കോടതിയുടെ നിർണായക വിധി; ഇഡി അന്വേഷണം തുടരാൻ അനുമതി

മാസപ്പടി കേസ്: കേരള ഹൈക്കോടതിയുടെ നിർണായക വിധി; ഇഡി അന്വേഷണം തുടരാൻ അനുമതി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആശ്വാസം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് കമ്പനിയും ഇവിടുത്തെ ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും. ഇ.ഡി അയച്ച സമൻസുകൾ ചോദ്യം ചെയ്തും അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നേരത്തെ ഇതേ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവോടെ ഈ തടസവും നീങ്ങും. കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിധി വന്നതോടെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ള പ്രമുഖർക്ക് ഇ.ഡി വീണ്ടും സമൻസ് അയക്കും. വരും ദിവസങ്ങളിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിക്കുമോ എന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

Share Article