G
Author
Gramika Team
Published
March 21, 2026

മാലിന്യം കെട്ടിക്കിടന്ന പൊതുസ്ഥലം പൂന്തോട്ടമാക്കിയ പ്രകൃതി സ്നേഹി
തലശ്ശേരി: മാലിന്യങ്ങളും പാഴ് വസ്തുക്കളും കെട്ടിക്കിടന്നിരുന്ന പ്രദേശത്തെ മനോഹരമായ ഉദ്യാനമായി മാറ്റി നാട്ടുകാരുടെ ശ്രദ്ധ നേടുകയാണ് കൊളശേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ വിനീഷ്. മാഹി ബൈപാസ് റോഡിനരികിലെ ഏകദേശം 200 മീറ്റർ നീളമുള്ള ഒഴിഞ്ഞ സ്ഥലം മുമ്പ് മാലിന്യക്കൂമ്പാരമായിരുന്നു. ഈ സ്ഥലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന ആഗ്രഹമാണ് വിനീഷിനെ ഈ സംരംഭത്തിലേക്ക് നയിച്ചത്. ആദ്യം പ്രദേശം വൃത്തിയാക്കിയ ശേഷം സ്വന്തം ചെലവിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, വഴുതിന, ചീര, പാവക്ക, മുല്ലങ്കി, കിഴങ്ങ് എന്നിവ കൃഷി ചെയ്തു. തുടർന്ന് വാഴകൃഷിയിലും മികച്ച ഫലങ്ങൾ ലഭിച്ചു. കൃഷിയിൽ നിന്ന് ലഭിച്ച വരുമാനം വിവിധ പൊതുപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുൻപാണ് ഇവിടെ പൂന്തോട്ടം ഉണ്ടാക്കിയത്. ചെണ്ട്മല്ലി , ചെട്ടിപൂ, ചെക്കി , തുളസി, കടലാസ് പൂക്കള്‍, ചെമ്പരത്തി, കോളാമ്പിപൂ, മഞ്ഞ മല്ലിക, നാല്മണിപു, റോസ്പൂ തുടങ്ങി നിരവധി ചെടികളാണ് ഇവിടെ വളര്‍ത്തുന്നത്. വിനീഷിന്റെ പ്രവർത്തനങ്ങൾക്ക് കൊളശേരി കരയത്തിലെ നാരായണൻ മെമ്മോറിയൽ ക്ലബ്ബിന്റെയും നാട്ടുകാരുടെയും പിന്തുണയുണ്ട്. കൂടാതെ, കൊളശേരി ടൗണിലെ പാതയോരങ്ങളിൽ തണൽമരങ്ങൾ നട്ട് വളർത്തുകയും അവയ്ക്ക് ദിവസവും വെള്ളം നൽകുകയും ചെയ്യുന്നത് വിനീഷ് തന്നെയാണ്. ഈ പ്രവർത്തനം പരിസ്ഥിതി സംരക്ഷണത്തിലും പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിലും മാതൃകാപരമായ ഇടപെടലായി മാറിയിരിക്കുകയാണ്.