G
Author
Gramika Team
Published
February 11, 2026

മട്ടന്നൂരിൽ വൻ മദ്യ വേട്ട
മട്ടന്നൂർ: ബൈക്കിൽ കടത്തുകയായിരുന്ന 17 ലിറ്റർ മാഹി മദ്യവുമായി ഒരാൾ ഇരിട്ടി എക്സൈസ് സർക്കിൾ സംഘത്തിന്റെ പിടിയിൽ. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി വളയത്ത് വീട്ടിൽ വി സി മാത്യുവാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇരുവശങ്ങളിലും കവറിലാക്കിയാണ് പുതുചേരി സംസ്ഥാനത്ത് മാത്രം വില്പനാനുമതിയുള്ള മദ്യം കടത്തിയത്. മുൻപും ഇയാൾ മാഹി മദ്യം സ്ഥിരമായി കടത്തിയതായുള്ള രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂരിലെ ഇരിട്ടി എക്സൈസ് സർക്കിൾ സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് ബുധനാഴ്ച മട്ടന്നൂർ കല്ലൂരിൽ നിന്ന് മാത്യുവിനെ മദ്യവുമായി വരുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 32 കുപ്പികളിലായുള്ള 17 ലിറ്റർ മാഹിമദ്യം പിടികൂടി. അര ലിറ്ററിന്റെ 30 കുപ്പിയും ഒരു ലിറ്ററിൻ്റെ 2 കുപ്പിയുമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം റെയിഞ്ചിലെ മുൻ അബ്കാരി കേസിലും ഇയാൾ പ്രതിയായിരുന്നു. ഇരിട്ടി സർക്കിൾ ഓഫീസിലെ അസി എക്സൈസ് ഇൻസ്പെകടർ ബഷീർ പിലാട്ടിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ പി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി. പി. സുദീപ്, ടി അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനിഷ് എന്നിവരും ഉണ്ടായിരുന്നു.