G

Author

Gramika Team

Published

June 1, 2026

പ്രവേശനോത്സവത്തിന്റെ ആരവങ്ങൾ ഇല്ലാത്ത സങ്കടത്തിലാണ് മാമ്പ എൽ പി സ്കൂൾ

പ്രവേശനോത്സവത്തിന്റെ ആരവങ്ങൾ ഇല്ലാത്ത സങ്കടത്തിലാണ് മാമ്പ എൽ പി സ്കൂൾ

ചക്കരക്കൽ: ഒന്നര നൂറ്റാണ്ടിലേറെ കാലം നാടിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന മാമ്പ എൽ പി സ്കൂൾ ഇനി ഓര്‍മ്മകളിലേക്ക്. പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവ ആരവങ്ങള്‍ മുഴങ്ങേണ്ട സമയത്ത് സ്‌കൂള്‍ മുറ്റം നിശ്ശബ്ദതയിലായി. അഞ്ചരക്കണ്ടി പഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയത്തിലൊന്നാണ് മാമ്പ എല്‍ പി സ്‌കൂള്‍. വിദ്യാര്‍ത്ഥികളുടെ കുറവും മറ്റ് സാഹചര്യങ്ങളും മൂലം സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രമാണ് അടയുന്നത്.1862 ലാണ് സ്‌കൂള്‍ സ്ഥാപിതമായത്.തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രമുഖരുടെ ആദ്യ അക്ഷരപാഠത്തിന്റെ സാക്ഷിയാണ്. സ്‌കൂള്‍ അടച്ചുപൂട്ടിയത് മുന്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും നാട്ടുകാരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇവിടുത്തെ കുട്ടികളെ മുഴുവന്‍ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി ചേര്‍ത്തിരിക്കുകയാണ്. ഒരുകാലത്ത് കുട്ടികളുടെ കളിചിരികളാലും പഠനത്തിന്റെ തിരക്കുകളാലും സജീവമായിരുന്ന ക്ലാസ് മുറികളും സ്‌കൂള്‍ മുറ്റവും ഇന്ന് നിശ്ശബ്ദമാണ്. പ്രവേശനോത്സവത്തിന്റെ വര്‍ണാഭമായ കാഴ്ചകള്‍ക്ക് പകരം പൂട്ടിയിട്ട ഗേറ്റും ഒഴിഞ്ഞ ക്ലാസ് മുറികളുമാണ് അവശേഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍ക്കാഴ്ചയായി മാമ്പ എല്‍.പി സ്‌കൂളിന്റെ അടച്ചുപൂട്ടല്‍ മാറുകയാണ്. അതേ സമയം എട്ട് കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. സ്‌കൂള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് കാണിച്ചു കഴിഞ്ഞ വര്‍ഷം തന്നെ ഡി ഡി ഇ ഉള്‍പെടെയുള്ളവര്‍ക്ക് മാനേജര്‍ കത്ത് നല്‍കിയതായി കണ്ണൂര്‍ സൗത്ത് എ ഇ ഒ പറഞ്ഞു. ഇക്കാരണത്താല്‍ ഇത്തവണ ഒന്നാം ക്ലാസിലേക്ക് ആര്‍ക്കും പ്രവേശനം നല്‍കിയതുമില്ല. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇവിടെ ഉള്ളത് .ഇതിൽ ഒരാൾ ദിവസക്കൂലി അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. സ്കൂളിന്റെ പ്രഥമാധ്യാപിക കഴിഞ്ഞ ദിവസം സർവീസിൽ നിന്നും വിരമിച്ചു. സ്ഥിരനിയമനമുള്ള അവശേഷിക്കുന്ന മൂന്ന് അധ്യാപകരെ തസ്തിക നഷ്ടപ്പെടുന്ന മുറയ്ക്ക് മറ്റ് സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് പുനർവിന്യസിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ​​ ​​

Share Article