G
Author
Gramika Team
Published
March 19, 2026

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്
ചെറുവാഞ്ചേരി: കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
പൊട്ടാത്ത നിലയിൽ ഒരു സ്റ്റീൽ ബോംബ് വീടിന്റെ വരാന്തയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ 12:15 ഓടെയാണ് ബോംബേറുണ്ടായത്. വീടിന്റെ മുൻ വശത്തെ വാതിലിൽ തട്ടി ബോംബ് വരാന്തയിൽ വീണെങ്കിലും പൊട്ടിയില്ല. അതുകൊണ്ട് തന്നെ വൻ അപകടം ഒഴിവായി. വീടിന്റെ വരാന്തയിൽ നിന്നും പൊട്ടാത്ത ഒരു സ്റ്റീൽ ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ആദ്യം വീടിന്റെ തുറന്നിട്ട ജാനല വഴി ഒരു പട്ടിക കഷണം അകത്തേക്ക് ഇട്ടിരുന്നതായും ഇതിന് ശേഷമാണ് ബോംബേറുണ്ടായതെന്നും അർജുൻ പറഞ്ഞു.
കൂത്തുപറമ്പ് എസി പി സിബി ടോം, കണ്ണവം പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലതെത്തി പരിശോധന നടത്തി. സ്കൂട്ടറിൽ മുഖമൂടി ധരിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരം ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.