G
Author
Gramika Team
Published
May 16, 2026

പുലിപ്പല്ല് കേസ്; റാപ്പർ വേടന് തിരിച്ചടി
കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. വേടന്റെ പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും. വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ശാസ്ത്രീയ പരിശോധനയ്ക്കായി സുവോളജി ലാബിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന നടത്തിയത്. അന്ന് വേടൻ ഉൾപ്പെടെ ഒമ്പത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.