G
Author
Gramika Team
Published
June 20, 2026

പുതിയ കഥയുമായി ഒരമ്മയും മകനും | 'ബാലൻ' റിവ്യൂ
തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. സംവിധായകന്റെ പരിചരണമാണ് അതിന്റെ തലച്ചോറ്. അഭിനേതാക്കളുടെ പ്രകടനമാണ് ആ ചലച്ചിത്രത്തിന്റെ ജീവശ്വാസം. 'മഞ്ഞുമ്മൽ ബോയിസ്' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാണികൾക്ക് മുന്നിൽ നട്ടെല്ല് നിവർത്തി, തലയുയർത്തി, ആത്മവിശ്വാസത്തോടെ ജീവവായു ശ്വസിക്കുന്നു. പുതിയ രീതിയിൽ പറഞ്ഞ ഒരു അമ്മ - മകൻ കഥ. ഒരമ്മയുടേയും മകന്റേയും രഹസ്യ ജീവിതം. അവരുടെ സാഹസികയാത്ര! ഊരുംപേരുമില്ലാത്ത ഒരു അമ്മയേയും മകനേയുമാണ് ചിദംബരം തന്റെ മൂന്നാം ചിത്രത്തിൽ പിന്തുടരുന്നത്. അവരുടെ ഭൂതകാലം വ്യക്തമാണ്. എന്നാൽ, അത് നീട്ടിവലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എഴുത്തുകാരനും സംവിധായകനും വയ്ക്കുന്നില്ല. വരികൾക്കിടയിൽ എന്നപോലെ സിനിമയിൽ അതിങ്ങനെ കിടക്കുന്നു. കഥയുടെ ഒഴുക്കിൽ ആ അടര് സ്വാഭാവികമായി നമുക്ക് മുന്നിൽ ചുരുൾ നിവരുന്നു.
അമ്മയുടെ കൈപിടിച്ച് അവർ പറഞ്ഞുകൊടുക്കുന്ന കഥയിലെ കഥാപാത്രമായാണ് 'ബാലൻ' നമ്മളിലേക്ക് എത്തുന്നത്. അവരിങ്ങനെ പലയിടങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ പുതിയ ഇടത്തെത്തുമ്പോഴും അവൻ തങ്ങളുടെ പുതിയ കഥയേതെന്ന് അമ്മയോട് തിരക്കുന്നു. അവർ അവനോട് സ്വകാര്യമെന്നോണം ആ കഥ പറഞ്ഞുകൊടുക്കുന്നു. ആ രഹസ്യം പങ്കിടാൻ തങ്ങൾക്കിടയിൽ ആരും കടന്നുവരാൻ ആ അമ്മ അവസരമുണ്ടാക്കുന്നില്ല. അമ്മ അല്ലാതെ മറ്റൊന്നും അവനും ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് അവന് അറിയില്ല എന്ന് പറയുന്നതാകും ശരി. പക്ഷേ, കഥാവഴിയിൽ അമ്മയുടെ കയ്യെത്തും ദൂരത്ത് നിന്ന് അവൻ അകന്നുപോകുന്നു. അമ്മ പറഞ്ഞുകൊടുക്കാത്ത ഒരു കഥയിലേക്ക്. പക്ഷേ, അപ്പോഴും - കാത്തിരിക്കണം, അമ്മ വരും എന്ന ഉറപ്പ് ആ ബാലനിൽ അവശേഷിക്കുന്നുണ്ട്. ആ ഉറപ്പാണ് ഈ സിനിമയുടെ കാതൽ.