G
Author
Gramika Team
Published
May 27, 2026

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു. കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയാണ് നേതൃത്വം നൽകിയത്. ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിൽ ആകെ 6 പേർ ആണ് ഉണ്ടായിരുന്നത്. 7.50നാണ് ഇഡി സംഘം പിണറായിയുടെ വീടിനകത്തേക്ക് പ്രവേശിച്ചത്. പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, കെയർടേക്കർ നാണു എന്നിവരുടെ സഹായത്തോടെയാണ് അകത്തുകയറിയത്. 8.30ന് പരിശോധന ആരംഭിച്ചു. ഇരുവരും സാക്ഷികളായിരുന്നു. പരിശോധനയ്ക്കിടെ നാണുവിന്റെ മൊഴി രേഖപ്പെടുത്തുയും ചെയ്തു. കുറ്റകരമായ യാതൊരു രേഖയോ ഉപകരണങ്ങളോ കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.