G

Author

Gramika Team

Published

February 6, 2026

 പഴശ്ശി  വിനോദസഞ്ചാര  പ്രവൃത്തികൾക്ക് ഇനി മിനുക്ക് പണികൾ മാത്രം

പഴശ്ശി വിനോദസഞ്ചാര പ്രവൃത്തികൾക്ക് ഇനി മിനുക്ക് പണികൾ മാത്രം

മട്ടന്നൂർ: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പടിയൂർ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് ഇനി മിനുക്ക് പണികൾ മാത്രം.2022 ഒക്ടോബർ 17നാണ് ആദ്യഘട്ട പ്രവൃത്തിയുടെ ആദ്യ റീച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ പതിമൂന്ന് ഏക്കർ സ്ഥലത്താണ് ടൂറിസം വികസനം പൂർത്തിയാക്കുന്നത്. പഴശ്ശി പദ്ധതി ജലാശയ തീരത്തെ 1300 മീറ്റർ ദൂരത്തിൽ പുതിയ റോഡും പാർക്കും റസ്‌റ്റോറന്റും ടോയ്ലറ്റ് ബ്ലോക്കും പ്രകൃതി സൗഹൃദ വനവും ഉദ്യാന സസ്യങ്ങളുടെ തോട്ടവുമാണ് നിർമിച്ചത്. 5.66 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. ആദ്യ ഘട്ടം പൂർത്തിയാക്കിയ ടൂറിസം പദ്ധതി ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് കെ കെ ശൈലജ എം എൽ എ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ നിർമാണ പ്രവൃത്തികളാണ് പൂർത്തിയാവുന്നത്. രണ്ടാം റീച്ച് പൂർത്തീകരിക്കാൻ 2,40,77,460 കോടി രൂപ കൂടി അനുവദിച്ചിരുന്നു. കെ കെ ശൈലജ എംഎൽഎ യുടെ ഇടപെടലിലൂടെയാണ് ഇത്തരമൊരു പദ്ധതി യാഥാർഥ്യമാക്കുന്നത്.രണ്ടാം ഘടത്തിൽ 15 ഏക്കറിൽ കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, റിക്രിയേഷൻ ഏരിയ വികസനം, വൈദ്യുതീകരണം, ജലവിതരണം, തുരുത്തുകളെ ബന്ധിപ്പിച്ച് റോപ് വേ എന്നീ പ്രവൃത്തികൾ രണ്ടാം ഘട്ടത്തിൽ പൂർത്തീകരിക്കും. മൂന്നാംഘട്ടത്തിൽ നിടിയോടി, പെരുവമ്പറമ്പ് ഭാഗത്ത് വാട്ടർ പ്ലാൻ്റ് ഏരിയ, നീന്തൽക്കുളം, തൂക്കുപാലങ്ങൾ, പൂമരങ്ങളുടെ നിരകൾ, വാച്ച് ടവർ, സ്വാഭാവിക വന സന്ദർശന സൗകര്യം, പെടൽ ബോട്ടുകളുടെ സർവീസ് ഉൾപ്പെടെ ആരംഭിക്കും.കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ കൂടെ പ്രവൃത്തി കൾക്കായി നീക്കി വച്ചിട്ടുണ്ട്

Share Article