G

Author

Gramika Team

Published

June 24, 2026

പത്മഭൂഷൺ ഏറ്റുവാങ്ങി മമൂട്ടി

പത്മഭൂഷൺ ഏറ്റുവാങ്ങി മമൂട്ടി

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് രാജ്യത്തിന്റെ ആദരമായി പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. 2 ഘട്ടങ്ങളായി നടന്ന പുരസ്കാര വിതരണത്തിൽ 65 പേർക്കാണ് ഇന്നലെ സമ്മാനിച്ചത്. കേരളത്തിൽനിന്ന് പത്മവിഭൂഷൻ നേടിയ വയലിനിസ്റ്റ് എൻ.രാജം, പത്മശ്രീ നേടിയ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകിയമ്മ തുടങ്ങിയവർക്ക് കഴിഞ്ഞ മേയിൽ പുരസ്കാരങ്ങൾ നൽകിയിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി.തോമസിനും മാധ്യമപ്രവർത്തകൻ പി.നാരായണനും പത്മവിഭൂഷണും മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണുമാണ് ഇന്നലെ നൽകിയത്. അന്തരിച്ച ജെഎംഎം സ്ഥാപകൻ ഷിബു സോറന് പ്രഖ്യാപിച്ച പത്മഭൂഷൺ അദ്ദേഹത്തിന്റെ പത്നി രൂപി സോറൻ ഏറ്റുവാങ്ങി.രോഹിത് ശർമ, വനിതാ ഹോക്കി താരം സവിതാ പുനിയ എന്നിവർ കായിക മേഖലയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം പ്രഖ്യാപിച്ച 131 പത്മ പുരസ്കാരങ്ങളിൽ അവശേഷിച്ചവയാണ് ഇന്നലെ വിതരണം ചെയ്തത്. ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്ത സർക്കാരിന് മമ്മൂട്ടി നന്ദി അറിയിച്ചു.

Share Article