G

Author

Gramika Team

Published

May 16, 2026

പതിവുകളെ മറികടന്ന ജീവിതം: ഒലി അമൻ ജോധ

പതിവുകളെ മറികടന്ന ജീവിതം: ഒലി അമൻ ജോധ

കണ്ണൂർ: ഒലി അമൻ ജോധ– അമ്മയുടെ മുത്തച്ഛൻ ഇട്ട പേരാണത്. വയനാട്ടിലാണ് കുടുംബവീട്. കളരിയും അഭ്യാസമുറകളും ചികിത്സയുമൊക്കെയുള്ള കുടുംബം. മുന്നര വയസ്സിലാണ് അമൻ ചാൻ എന്ന കുതിര ഒലിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അമ്മ അമിയത്താജ് സമ്മാനിച്ച ‘അമൻ’ പിന്നീട് ഒലിയുടെ ജീവിതത്തിന് പുതിയ ദിശ നൽകി. നാലാം വയസ്സിൽ തന്നെ കുതിര സവാരി തുടങ്ങിയ ഒലി ഒൻപതാം   വയസ്സിലാണ് ലാഡം അടിച്ചു തുടങ്ങിയത്. തന്റെ കുതിരയക്ക് ലാഡനടിക്കാനായി തമിഴ്നാട്ടിൽ നിന്നും എത്തിയ ആൾ ലാഡമടിക്കുന്നതിനിടെ കുതിരയക്ക് മുറിവുണ്ടാവുകയും അത് മാറാൻ ഏറെ നാളുകളെടുക്കുകയും ചെയ്തു. ഈ ഒരു കാര്യം ഒലിയെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ് എന്തുകൊണ്ട് തനിക്ക് ലാഡം നിർമിച്ചൂടാ എന്ന ചിന്തയിൽ എത്തിയത്. ലാഡം അടിക്കുക എന്നത് ആൺകുട്ടികൾക്ക് മാത്രമേ ചെയ്യാൻ പറ്റു എന്ന ധാരണ പൊതുവെ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ ലാഡം അടിക്കാൻ പഠിക്കാൻ കുറെയേറെ കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് ഒലി പറഞ്ഞു. കുടുംബ സുഹൃത്തും ഊട്ടി കല്ലാറിലെ ഫോറെസ്റ്റ് ഗാർഡുമായ സുകുമാരനിൽ നിന്നുമാണ് ലാഡം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആദ്യ പാഠങ്ങൾ ഒലി പഠിക്കുന്നത്. ഇദ്ദേഹമാണ് ഒലിയെ സവാരി പഠിപ്പിച്ചത്. പിന്നീട് നേപ്പാളിലെ കൊഹൽ പുരിയിൽ നിന്ന് താജ്ബാനിൽ നിന്നുമാണ് ലാഡം ഉണ്ടാക്കാനും കുതിരകളെ അണിയിക്കാനും കൂടുതലായി പഠിക്കുന്നത്. കുതിരകളെ ലാഡം അണിയിക്കുമ്പോൾ ഒട്ടും പരിഭ്രമം തോന്നിയിലെന്നും  സ്‌നേഹത്തോടെയും കരുതലോടെയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ഒലി പറഞ്ഞു. കുതിരകളെപ്പോലെ തന്നെ തേനീച്ചകളെയും സ്‌നേഹിക്കുന്ന ഒലിക്ക് 2017-ല്‍ തേനീച്ചവളര്‍ത്തലില്‍ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഒലിയെന്ന പേരിന്റെ അര്‍ഥം തന്നെ തേനീച്ചകളുടെ ശാന്തിക്ക് വേണ്ടി പോരാടുന്ന രാജ്ഞിയെന്നാണ്. തേനീച്ചവളര്‍ത്തലില്‍ ഒലിയുടെ വൈദഗ്ധ്യം മനസ്സിലാക്കി വയനാട്ടിലെ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലും ഹൈദരാബാദിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പമെന്റ് ആന്‍ഡ് പഞ്ചായത്തീരാജിലും ക്ഷണം ലഭിച്ചു. ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്യുന്നതോടൊപ്പം കുതിരകള്‍ക്ക് ലാടം നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്.  തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേരാണ് കുതിരകളുമായി ഒലിയെ സമീപിക്കുന്നത്. ഒരു മാസത്തില്‍ ഇത്തരത്തില്‍ 15-20 ലാടംവരെ തയ്യാറാക്കി നല്‍കാറുണ്ട്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ഒന്നാംക്ലാസില്‍ പഠനം ഉപേക്ഷിച്ച ഒലി തുടര്‍ന്ന് വിദൂരവിദ്യാഭ്യാസം വഴിയാണ് ഒമ്പതാംക്ലാസ് വരെയും പഠിച്ചത്. മറ്റുള്ള ഇഷ്ടങ്ങള്‍ക്കൊപ്പം പഠനവും തുടരണമെന്നാണ് ആഗ്രഹമെങ്കിലും ചുറ്റുപാടും ആരും പിന്തുണയേകാന്‍ ഇല്ലെന്നുള്ളത് വലിയ വെല്ലുവിളിയാണെന്ന് ഒലി പറയുന്നു. നിരവധിപേരില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസം തന്നെ നിര്‍ത്തിയതിനു കാരണം ഇത്തരത്തിലുള്ള വെല്ലുവിളികളാണ്. അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തുന്നത്. കുടുംബ സുഹൃത്ത് രഘു പയ്യപ്പിള്ളി, മുന്‍ ഡി.വൈ.എസ്.പി.യും സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍ ഹെഡുമായ ഡോക്ടര്‍ ബി. ബാലകൃഷ്ണന്‍, ഹോഴ്‌സ് ട്രൈനര്‍ ഫെന്നി ഫിലിപ്പ്, സാഖിര്‍ അലി, സിബിന്‍ തുടങ്ങിയവരുടെ ശക്തമായ പിന്തുണയും തന്റെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്', ഒലി പറഞ്ഞു. നിങ്ങള്‍ക്കൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നേടിയെടുക്കാന്‍ ഈ പ്രപഞ്ചം തന്നെ നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളാണ് ഈ മിടുക്കിക്ക് പ്രചോദനം.

Share Article