G
Author
Gramika Team
Published
June 8, 2026

പച്ചക്കറി വാഹനത്തിൽ കടത്തിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മട്ടന്നൂർ: പച്ചക്കറി വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ മട്ടന്നൂർ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങാട് സ്വദേശിയായ ഹമീറിനെ (35) അറസ്റ്റ് ചെയ്തു. ഒപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കർണാടകയിൽ നിന്ന് എത്തിക്കുന്ന പച്ചക്കറികളുടെ മറവിലാണ് ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളിൽ ലഹരി ഉത്പന്നങ്ങൾ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടർന്ന് മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികൾക്കിടയിൽ ചാക്കിൽ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം മട്ടന്നൂർ ഇൻസ്പെക്ടർ എ. ബിനു, എസ്.ഐ ഫൈസൽ മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ്, റിജിൽ എന്നിവർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ലഹരിയിലെത്തിയ കടത്ത് പിടികൂടിയത്.